ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക ചരിത്രം

കേരളത്തിലെ ആദിമ ജനാധിവാസ കേന്ദ്രങ്ങളില്‍ ഒന്നാണ് പാറക്കടവ് പഞ്ചായത്ത് ഉള്‍പ്പെടെയുള്ള പെരിയാറിനും ചാലക്കുടിപ്പുഴക്കും ഇടക്കുള്ള നദീതടപ്രദേശം. ക്രിസ്തുവിനുമുമ്പ് 2000-ാം മാണ്ട് തുടങ്ങിയുള്ള മഹാശിലായുഗം മുതല്‍ ഇവിടെ ജനങ്ങള്‍ പാര്‍ത്തിരുന്നതായി പുരാവസ്തു അവശിഷ്ടങ്ങള്‍ തെളിയിക്കുന്നു. പ്രാചീന കേരളത്തിന്റെ ചരിത്രത്തില്‍ ഈ പഞ്ചായത്തില്‍പ്പെട്ട മൂഴിക്കുളത്തിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. മൂഴിക്കുളം കച്ചം എന്നറിയപ്പെടുന്ന ചട്ടങ്ങള്‍ സാമൂഹ്യബന്ധങ്ങള്‍ക്ക് ആസ്പദമായ വഴക്കങ്ങളെ ക്രമീകരിക്കുന്നതിന് മലനാട്ടിലാകെ പ്രാബല്യത്തിലുണ്ടായിരുന്ന സംഹിതയായിരുന്നു. മൂഴിക്കുളം കച്ചത്തെപ്പറ്റിയുള്ള ഏറ്റവും പ്രധാന സൂചന ക്രിസ്തുവര്‍ഷം 898-ലാണ്. അവസാനമായി സൂചനയുണ്ടായത് 1028-1029 കാലത്താണ്. പെരുമാള്‍ വാഴ്ചയുടെ തിരോധാനത്തോടൊപ്പം മൂഴിക്കുളം കച്ചത്തിന്റെ അസ്തമയം സംഭവിച്ചതായി നിരീക്ഷക്കപ്പെടുന്നു. പ്രാചീന കാലം മുതല്‍ തന്നെ കാര്‍ഷിക വൃത്തിയാണ് മുഖ്യ തൊഴിലും ജീവിത മാര്‍ഗ്ഗവും. ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ സാമൂഹിക ബന്ധങ്ങളുടെ അടിത്തറ ജന്മി കുടിയാന്‍ ബന്ധമായിരുന്നു. തന്മൂലം അമ്പതുകളിലും അറുപതുകളിലും ജന്മിത്വത്തിനെതിരായി നിരവധി പോരാട്ടങ്ങള്‍ ഈ പ്രദേശങ്ങളില്‍ നടന്നിട്ടുണ്ട്. എറണാകുളം ജില്ലയില്‍ തന്നെ ഏറ്റവും പഴക്കമുള്ള കര്‍ഷകതൊഴിലാളി പ്രസ്ഥാനം രൂപപ്പെട്ടത് പാറക്കടവ് പഞ്ചായത്തിലെ കുറുമശ്ശേരിയിലായിരുന്നു. കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയില്‍ അയ്യപ്പന്‍കുട്ടിയുടെ പങ്ക് നിസ്തുലമാണ്. കര്‍ഷക തൊഴിലാളികളെ ഒരു സംഘടിത ശക്തിയാക്കി വളര്‍ത്തുന്നതില്‍ നിരവധി പ്രക്ഷോഭങ്ങളില്‍ അദ്ദേഹവും ടി.സി. കണ്ണനും എം.കെ.കുമാരനും വലിയ പങ്കു വഹിച്ചിട്ടുണ്ട്. അവയില്‍ ശ്രദ്ധേയമായ ഒരു ഏടാണ് 1952-ല്‍ പൂവ്വത്തുശ്ശേരിയില്‍ നടന്ന മാലായി സത്യാഗ്രഹം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിലുള്ള സൌകര്യം പ്രദേശത്ത് ലഭിച്ചിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം സര്‍ക്കാര്‍ മേഖലയില്‍ 1910-ല്‍ ആരംഭിച്ച കുറുമശ്ശേരി എല്‍.പി.സ്ക്കൂളായിരുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചതില്‍ ദിവാന്‍ പേഷ്കാര്‍ നാരായണമേനോന്റെ സഹോദരന്‍ കണ്ടനാട്ട് കുട്ടന്‍പിള്ളയുടെ പങ്ക് നിസ്തുലമാണ്. തുടര്‍ന്ന് പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു.

 

സാംസ്ക്കാരിക ചരിത്രം

ആദ്യകാലത്ത് പഞ്ചായത്തില്‍ നിലനിന്നിരുന്നത് ക്ഷേത്ര സംസ്ക്കാരമായിരുന്നു. കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഭരണവ്യവസ്ഥ മൂഴിക്കുളം കച്ചം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മൂഴിക്കുളം ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന വാരവുമായി ബന്ധപ്പെട്ട് തിരുമൂഴിക്കളം രേഖ എന്നാന്ന് ചരിത്രത്തിലുണ്ട്. വേദപഠനത്തിനായി തിരുമൂഴിക്കളം ശാലയും ഉണ്ടായിരുന്നു. അതിന്റെ സ്ഥാനം ഇന്നത്തെ ചാലക്കുടി പ്പുഴയിലാണെന്നും പിന്നീട് പുഴ മാറിയൊഴുകിയെന്നുമാണ് പറയപ്പെടുന്നത്. ചാലക്കുടിപ്പുഴയുടെ പേരു പോലും ശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചേര സാമ്രാജ്യത്തിന്റെ നീതിബോധവുമായി ബന്ധപ്പെട്ടു കൊണ്ട് ക്ഷേത്രത്തിനും മുന്നില്‍ ഒരു കരിങ്കല്‍ പരിഹാരം സ്ഥാപിച്ചിരുന്നു. കരിങ്കല്‍ കൊണ്ടുള്ള ഒരു മനുഷ്യ പ്രതിമ ശൂലത്തില്‍ കുത്തി നിറുത്തിയ പോലെ സ്ഥാപിച്ചിരുന്നു. ഇത് ശിക്ഷയുടെ കാഠിന്യം സാമാന്യ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. സാമൂഹ്യ ജീവിതവുമായി ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തിയിരുന്നുവെന്നതിനുള്ള ഒരു തെളിവ് മൂഴിക്കുളം ക്ഷേത്രത്തിലുണ്ട്. കിഴക്കേ ഗോപുരത്തിലെ വാതിലിനോട് ചേര്‍ന്നുള്ള കരിങ്കല്‍ ചട്ടത്തിന്റെ ഇരുവശങ്ങളിലുമായി മരപ്പണിക്കാര്‍ക്കുള്ള അളവുകോല്‍കൊത്തിയിട്ടുണ്ട്. തെക്കേ വശത്തുള്ളത് തെക്കുഭാഗത്തുള്ളവര്‍ക്കും വേണ്ടിയായിരുന്നു. ക്ഷേത്രകലകള്‍ക്കും ഈ പഞ്ചായത്തു പ്രദേശത്ത് നല്ല വളര്‍ച്ചയുണ്ടായിരുന്നു. പ്രധാനമായും കൂത്ത്, കൂടിയാട്ടം എന്നിവയായിരുന്നു അന്നു ഉണ്ടായിരുന്ന ക്ഷേത്രകലകള്‍. ഇവയുടെ അവകാശം ചാക്യാര്‍ കുടുംബത്തിനായിരുന്നു. അമ്മന്നൂര്‍ ചാക്യാര്‍ ഈ കലയിലെ അതികായനായിരുന്നു. എ.ഡി ആദിശതകങ്ങള്‍ക്കുശേഷം രൂപപ്പെട്ട ക്രൈസ്തവ സംസ്ക്കാരത്തിന്റെ ആദിമ കേന്ദ്രങ്ങളിലൊന്നായിരുന്നു മൂഴിക്കുളം. മൂഴിക്കുളത്തുള്ള പള്ളി കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നാണ്. ക്ഷേത്ര സംസ്ക്കാരത്തിന്റെ മറ്റൊരു സംഭാവനയാണ് ഈ നാട്ടിലെ കളരി സംസ്ക്കാരം. കളരിപ്പയറ്റ് ഒരു കലയും അയോധനമുറയുമാണ്. പാറക്കടവിലായിരുന്നു കളരിയുടെ ആസ്ഥാനം. പുളിയനം ചിറയ്ക്കല്‍ ക്ഷേത്രത്തിന് തെക്കുവശം കളരി നിലവിലുണ്ടായിരുന്നു. വീരഭദ്രക്ഷേത്രവുമായി ബന്ധപ്പെട്ട് ഇന്നും കളരി സംസ്ക്കാരം തുടരുന്നു. കളരിമുറകളുടെ ഒരു പ്രകടനം എന്ന നിലയിലായിരിക്കും ആദ്യമൊക്കെ വിശാലമായ കുന്നില്‍ ചെരിവുള്ള പുത്തന്‍ കാവില്‍ തൂക്കവും മറ്റും അരങ്ങേരിയിരുന്നത്. കളരികള്‍ക്ക് ക്ഷയം വന്നപ്പോള്‍ അതൊരു ക്ഷേത്രാവാരവുമായി മാറി. പുത്തന്‍ കാവിലെ തൂക്കവും പാറക്കടവിലെ കളരിയും പറവൂര്‍ കമ്പതൂക്കവും തമ്മില്‍ ബന്ധമുണ്ടായിരുന്നു.